Friday, August 21, 2015

മലയാളമെന്നു പേരുള്ളവൾ ***************************


മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

തേൻതുള്ളിക്കവിതകൾ 129.ഫെമിനിസ്റ്റായതിൽ പിന്നെ


ഫെമിനിസ്റ്റായതിൽ പിന്നെ
മകൾക്ക് അപ്പൂപ്പന്റെ പേരിട്ടു
ലിംഗനീതിയും സമത്വവും
അങ്ങനെയെങ്കിലും പുലരട്ടെ.

തേൻതുള്ളിക്കവിതകൾ 128.ഭൂമിയെ പോലെ.


ഉരുളലിൽ ഒരു പരക്കലുണ്ട്
പരക്കലിൽ വേദനയുടെ
ഉരുണ്ടുകൂടലുണ്ട്
ഭൂമിയെ പോലെ.

നിഴലാന

നിഴലാന
::::::::::::::
ഇലച്ചെവികളാട്ടി നിൽക്കുമീ
കൊമ്പനാനയ്ക്കെത്ര കാലുകൾ!
എത്രയെത്ര തുമ്പിക്കയ്യുകൾ!
തമ്മിൽ പുണരുന്ന
പലതരം കൊമ്പുകൾ!
ചൂടേറിയതിനാൽ
മണ്ണുതൊടാൻ നീളുന്നു
തുമ്പിക്കയ്യുകൾ!
അതിലൊന്നിൽ
വേനലിൻ നട്ടുച്ചയ്ക്ക്
ഊഞ്ഞാലാടുന്നു ഞാൻ.
തളർന്നു വരുന്നവരെക്കാത്ത്
ആലിൻ ചോട്ടിൽ
നിൽക്കയാണവൻ
നിഴലാന;
കുളിരിൻ തിടമ്പേറ്റി
തണലിന്നുത്സവം കൊണ്ടാടുവാൻ .

ചിത്രകാര്യം


മക്കളുണ്ടാകും മുമ്പ്
അടുക്കളയിൽ അച്ഛൻ ഒരു
മനോഹരചിത്രം കൊണ്ടു വെച്ചു
കരിയും പുകയും പിടിച്ചതിനാൽ
പിന്നെ ചെന്നു നോക്കുമ്പോൾ
അച്ഛനോ മക്കൾക്കോ
അതൊരു ചിത്രമായ് തോന്നിയില്ല
അതിന്റെ ഭംഗിയെ കുറിച്ച്
എത്ര പറഞ്ഞിട്ടും മക്കൾക്കു മനസ്സിലായില്ല
മുതിർന്നപ്പോൾ അവർ
അതിന്നഭംഗിയാൽ
അതെടുത്ത്
കരുണാലയം എന്നു പേരുള്ള
പഴയ ചിത്രങ്ങളുടെ ശേഖരത്തിലേക്ക്
ദാനം ചെയ്തു

അഭയാർത്ഥി ....................


രണ്ടു വെടിയൊച്ചകൾക്കിടയിലെ
നിശ്ശബ്ദതയിൽ
ജീവിക്കുന്നു എന്നു പറഞ്ഞാൽ
അത്ര എളുപ്പം മനസ്സിലാവില്ല
കാരണം
രണ്ടു മഴകൾക്കിടയിലെ വെയിൽ
നിങ്ങളനുഭവിക്കുമ്പോലെ
കുളിരിനെ പൊതിയുന്ന ചൂടല്ല അത്
രണ്ടു മരണങ്ങൾക്കിടയിലെ
മൗനത്തിന്റെ ചലനമാണത്
ആകാശത്തിനുപോലും
വെടിപ്പുക അതിരിടുമ്പോൾ.
അഭയം പോലും
പൊട്ടിച്ചിതറിയ സ്വപ്നമാണ്
നിങ്ങൾ അഭയാർത്ഥി എന്നു വിളിക്കുമ്പോഴും.

വിഷുവിന്


നിന്റെ വെളുത്ത ഉടൽ പകൽ
എന്റെ കറുത്ത ഉടൽ രാത്രി
ചൂടുള്ള പകലേ നിനക്കണിയാൻ
ആയിരം കൊന്നപ്പൂവുകൾ
തണുത്ത രാത്രിയാമെനിക്ക്
നിന്നെപ്പുണരുവാൻ
ആയിരം വേനൽമഴത്തുള്ളികൾ
നാം തുല്യദൈർഘ്യമുള്ള
സ്വപ്നങ്ങളിൽ നിന്ന്
മേടപ്പുലരിയിൽ‐കണികാണാനായ്
കണ്ണു മിഴിക്കുന്നു
പ്രകൃതി നമുക്ക് തുല്യനീതി തരുന്നു
ഇന്നേയ്ക്കു മാത്‌രമല്ല
എന്നേയ്ക്കും
പക്ഷേ ഞാനും നീയുമല്ലേ
നാം പാവം രാപകലുകളല്ലേ
പിന്നെയും പഴയപോലെ.

ഞാനിപ്പോൾ പേടി പുതച്ചു നടക്കുന്നു

.
വേടനെ പോൽ വെടിമരുന്നിൻ പുക
വലയിലാക്കിയെൻ കുട്ടിക്കാലം
കള്ളനെ പോൽ വെടിയൊച്ചകൾ
 കവർന്നെടുത്തെൻ കളിമ്പമൊക്കെയും
പെരും കിളിയായ് പറന്നെത്തിയ
വിമാനത്തിന്നിരമ്പൽ
കൊത്തി വിഴുങ്ങിയെൻ കിളിക്കൊഞ്ചൽ
എങ്ങുനിന്നോ പറന്നെത്തിയ
തീയുണ്ടകൾ
കൊണ്ടുപോയെന്റെ വീടും
കളിസ്ഥലവും
വന്നുകേറിയ പട്ടാള ബൂട്ടുകൾ
എന്റെ സന്തോഷം ചവിട്ടി
സമാധാനത്തിൻ നെഞ്ചിലുടെ കടന്നു പോകുന്നു
അവരുടെ കൊലച്ചിരിയെന്റെ പുഞ്ചിരി ചവച്ചുതിന്നുന്നു
ഇനിയില്ല, കളിക്കുവാനും
കൊഞ്ചിക്കരയുവാനും
പിതാക്കളും മാതാക്കളും
എന്റെ മണ്ണായിരുന്നവർ
എന്റെ വിണ്ണായിരുന്നവർ
മണ്ണും വിണ്ണും കാണാതെയേതോ
തടവറച്ചുമരിൽ
ചോരക്കറയായ് പടർന്നുപോയ്
സ്വപ്നങ്ങളൊക്കെയും
അവരുടെ ചങ്ങലപ്പൂട്ടിൽ കിടക്കുന്നു
കുട്ടിക്കാലമില്ലാത്തവനെങ്ങനെ കുട്ടിയാകും
യുദ്ധഭൂമിയിലെ
കുട്ടിയെന്നു നിങ്ങളെത്ര വിളിച്ചാലും
ഒരേ പേടിയാൽ മുതിർന്നവർക്കൊപ്പമായ്
വയസ്സിന്നളപ്പമേതോ
വെടിയൊച്ചയിൽ തകർന്നു പോയ്
വീടിനൊപ്പം കളിവീടും
കളിയിലെ കിളികളും പറന്നുപോയ്
അപരൻ കയ്യിലേന്തുമേതുയന്ത്രവും
എന്നെത്തകർക്കുമെന്ന തോന്നലിൽ
ഞാനിപ്പോൾ
പേടി പുതച്ചു നടക്കുന്നു

Monday, August 10, 2015

മരണവീട്

മരണവീട് 
ഓർമ്മയുടെ ചിറകുള്ള പക്ഷിയാണ്
മരിച്ചയാളുടെ വേദനകളെല്ലാം തിന്ന്
അത് ചിറകൊതുക്കിയിരിക്കുന്നു

വന്നവർ വന്നവർ
ഓരോ തൂവൽ കൊണ്ടു പോകുന്നു
അത് അയാളെ ചിറകിനടിയിൽ
ഒളിപ്പിച്ച്
സങ്കടത്തോടെയിരിക്കുന്നു


ഇനി അതിന്റെ ചിറകടിയിലാണ്
അയാൾ ജീവിക്കുക
അതിന്റെ ശബ്ദത്തിലാണ്
അയാൾ സംസാരിക്കുക


ഇനി എല്ലാവരും പിരിഞ്ഞുപോയാൽ
അതു പറന്നു പോകുമോ?
വീടു മാത്രം ബാക്കിയാകുമോ?

Wednesday, August 5, 2015

ജലം .......


ജലമെന്റെ ജീവന്റെ താളം
ഇലതന്റെ പ്രാണന്റെയീണം
അലയാഴിതന്നാനന്ദ രാഗം
നിലയില്ലാതൊഴുകുന്ന വേഗം
ജലമെന്റെ ജൻമരഹസ്യം
അലഞ്ഞെത്തിയാലമൃതരസം
പലനിറങ്ങളിൽ മഴവിൽരസം
ജലംതന്നെ ജീവരാഗപുണ്യം...
..
(മുനീർഅഗ്രഗാമി)

നിലാവിന്റെ ഭാഷ ............................


എനിക്കും നിലാവിനും
മാത്രമറിയുന്ന ഒരു ഭാഷയുണ്ട്
ഓരോ രാത്രിയും
ആ ഭാഷയിൽ
എന്റെ കണ്ണീർത്തുള്ളിയിൽ
എഴുതുന്നത്
നിലാവിനു മാത്രമേ മനസ്സിലാകൂ
സൂര്യനാ ഭാഷയറിയില്ല
സൂര്യൻ ഓരോപുലരിയിലും
വെളിച്ചമൊഴിച്ച് കുളിപ്പിച്ച്
എന്നെ ഒരു പൂച്ചെടിയാക്കി
നിങ്ങൾക്കു മുന്നിൽ വെയ്ക്കും
നിങ്ങൾ രസിക്കും;
പൂക്കളെല്ലാം നിങ്ങൾ കൊണ്ടുപോകുമ്പോഴും
എന്റെവേരുകൾ
ആ കണ്ണീർത്തുള്ളിയിലെ അക്ഷരങ്ങളിൽ
മുറുകെ പിടിക്കും
എന്തുവേണമെങ്കിലും
കൊണ്ടു പോകുക
എനിക്ക് നിലാവിന്റെ കൂട്ടുണ്ട്
എനിക്കും നിലാവിനുമൊരു
ഭാഷയുണ്ട്

Tuesday, August 4, 2015

ഇന്ത്യയുടെ മകൾ


ഇന്ത്യയുടെ മകൾ
ഇന്ത്യയിലെ എല്ലാ വീടിന്റെയും
വളർത്തു പുത്രിയാണ് 
പുറത്തിറങ്ങുമ്പോൾ
കണ്പോള തുറന്ന്
വീടവൾ വരുന്നതും കാത്തിരിക്കും
പകൽ സ്വർഗ്ഗവും
രാത്രി നരകവുമായ അമ്മയ്ക്ക്
അവളോട് പറയുവാൻ
ഭാഷ മതിയാകുന്നില്ല
വാക്കുകളിൽ നിന്നും വാക്കുകളിലേക്ക്
പടർന്നു കയറുന്ന കാട്ടുതീ
പുരാതനമായ സംസ്കാരവും വിഴുങ്ങി
അവൾക്കുമുന്നിൽ വാ പിളർത്തുന്നു
അവളുടെ വേരുകളും ഇലകളും
തിന്നു കൊണ്ട്
അവളെ നഗ്നയാക്കി
ആ തീ തിരിച്ചു പോകുന്നു
അവൾ ഒറ്റയ്ക്ക്
വേനൽ തുഴഞ്ഞു തീരാത്ത മരമായ്
ഇന്ത്യയുടെ പൊക്കിളിൽ
കുഴഞ്ഞു വീഴുന്നു
ഓരോ വീട്ടിലും
അന്നേരം അമ്മമാരുടെ വിലാപം
അടുക്കളയിൽ കരിപിടിച്ചുണങ്ങുന്നു
പൂമുഖത്ത്
അവൾ തിരിച്ചു വരുന്നതും കാത്ത്
അവളുടെ നിശ്വാസമേറ്റു വാങ്ങിയ
ചെടികൾ പൂവിടാതെ
അവളെ കാത്തു നില്ക്കുന്നു
അവൾ സന്തോഷം കോർത്ത്
വിതറിയിരുന്ന
പകലുകളും രാത്രികളും
അവളെ തിരയുന്നു
ഇന്ത്യയുടെ മകൾ
നിലവിളിയുടെ കൈപിടിച്ച്
ആരെയോ പേടിച്ച്
കത്തിത്തീരുമ്പോൾ
തെരുവുകൾ ചുവക്കുന്നത്
ഒരു ബുദ്ധ പ്രതിമ മാത്രം
നിസ്സംഗനായി കാണുന്നു

എഴുപതാം വയസ്സിൽ


കൊഴിഞ്ഞ തൂവലുകൾ
പെറുക്കുവാൻ
വന്നവഴിയെ തിരിച്ചു പറക്കുവാൻ
മോഹിക്കും
പക്ഷേ ഉടലിലൊരൊറ്റത്തൂവലുമില്ലാത്തതിനാൽ
കിടന്ന കിടപ്പിൽ
വിയർപ്പുമണികൾ
ചിറകുകളാകും
പാതിമയക്കത്തിന്റെ തണലിലൂടെ
അടഞ്ഞ കണ്ണുകളുടെ
ചെരിവിലൂടെ
കുറെ നേരം പറക്കും
കൊഴിഞ്ഞ തൂവലുകൾ
പെറുക്കിക്കളിക്കുന്ന കുട്ടികൾ
ഏതൊക്കെയോ മാവിനു
കല്ലെറിയുന്നതു നോക്കി നിൽക്കും
ഒരുകല്ല് നെറ്റിയിൽ കൊണ്ടു ഞെട്ടും
നെറ്റിയിൽ നഴ്സിന്റെ കൈ
കൈയിൽ ഒരു ഗുളിക!
മക്കളിപ്പോഴും
മാവുകൾക്കു കല്ലെറിയുന്നുണ്ടാവും
പാവം മനസ്സ്!
മോഹിച്ച തൂവലുകൾ കിട്ടാതെ
ഉള്ളതെല്ലാം കൊഴിഞ്ഞ
ഒരിഴജീവി.

തേൻതുള്ളിക്കവിതകൾ 76.


നേരം വെളുക്കും
നേരെ വെളുക്കും
നേരമേ വെളുക്കൂ
നേരേ വെളുക്കൂ

ജലജന്മം (പ്രണയകവിത)



ഇത്ര ആഴത്തിൽ
തണുത്തിരിക്കുമ്പോൾ
എന്റെ ആകാശമേ
എന്റെ സ്വാതന്ത്ര്യമേ
നിന്റടുത്തേക്കു പറക്കുവാൻ
നിന്നിൽ പറന്ന്
എന്റെ അപരജീവിതം നയിക്കുവാൻ
ഞാനെത്ര വെയിലു കൊള്ളണം!
അദൃശ്യമായ
ചിറകുകൾ ലഭിക്കാനുള്ള
തപസ്സാണ്
ഓരോ വിങ്ങലും വേവലും
ഇറ്റിവീണും ഒലിച്ചും
തളം കെട്ടിയും
ആഴത്തിലാഴത്തിൽ
വേദനയായ്
മരവിച്ചു തുടങ്ങുമെൻ
ജലജൻമം
വെറുതേ മോഹിക്കുന്നു

കൊത്തങ്കല്ല് .


തുമ്പിയെപോലെ പാറിനടന്ന്
തുമ്പികളറിയാതെ
കല്ലുകളെടുത്തു കളിച്ചൂ നാം
മുന്നിൽ കല്ലുകൾ വിതറി
കൈയൊരു കിളിയായ്
ചിറകു വിരിച്ചു
പറക്കും കല്ലുകൾ ചിറകിലെടുത്തൂ
താഴെപ്പോയവ കൊക്കിൽ
കൊത്തിയൊതുക്കീ
കല്ലുകളഞ്ചും നമ്മെപ്പോൽ
മണ്ണിൻ മാറിലുരഞ്ഞും
സ്നേഹം തട്ടിയും
മിനുത്തു തുടുത്തവ
കല്ലുകളെങ്ങനെ കളിയായ്
ജീവിതവിരലിലൊതുക്കാമെന്നു
പഠിപ്പിച്ചവ
നമ്മുടെ കൊക്കിലൊതുങ്ങിയ
കൊത്തങ്കല്ലുകൾ

തേൻതുള്ളിക്കവിതകൾ 72.


ഒരൊറ്റപ്പെയ്ത്തിന്നോർമ്മയിൽ
പൂവിടുവാനൊരു
 മഴമാത്രം;
പ്രണയമഴ

(പ്രണയകവിത)


കാലടിപ്പാടുകൾ(പ്രണയകവിത)
...................................
നിന്റെ കണ്ണീരു വീണു നനഞ്ഞ മണ്ണിൽ എന്റെ കാലടിപ്പാടുകൾതെളിയുമ്പോൾ
പ്രണയത്തിന്റെ വീട്ടിലേക്ക്
ആ പാടുകൾ പിന്തുടർന്ന്
ഒരു നിലാവ് കടന്നുവരും
നിന്റെ കണ്ണീരൊപ്പാൻ.
മുഖവും കണ്ണും തുടച്ച്
നീയതിൽ കുളിക്കുമ്പോൾ
എന്നെക്കുറിച്ചുള്ള ഓർമ്മകൾ
പോലും ഒലിച്ചു പോകും.
പക്ഷേ എന്റെ പാദങ്ങളുടെ
ചിത്രം കൊത്തിയ ആ മണ്ണ്
എന്നെ തിരയും;
നിന്റെ ഓർമ്മകളിലും
സ്വപ്നങ്ങളിലും
അതെന്നെ തിരയും.
അന്നേരം നിനക്ക് കരച്ചിൽ വരും
ആ കണ്ണീരിൽ നിലാവൊഴുകിപ്പോകും,
മണ്ണു നനയും.
എന്റെ കാലടികൾക്കായ് ദാഹിച്ച്
കടപ്പുറം പോലെ
അതു പരന്നു കിടക്കും.
നീ കടലുപോലെ കരഞ്ഞ്
അതിനടുത്ത് എന്നെ കാത്തിരിക്കും